29. അന്‍കബൂത് - ഖുര്‍ആന്‍
- 1. അലിഫ്-ലാം-മീം.
- 2. ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ?
- 3. അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന് അല്ലാഹു അറിയുകതന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും.
- 4. അതല്ല, തിന്‍മചെയ്ത് കൊണ്ടിരിക്കുന്നവര്‍ നമ്മെ മറികടന്ന് കളയാം എന്ന് വിചാരിച്ചിരിക്കുകയാണോ? അവന്‍ തീരുമാനിക്കുന്നത് വളരെ മോശം തന്നെ.
- 5. വല്ലവനും അല്ലാഹുവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിശ്ചയിച്ച അവധി വരിക തന്നെ ചെയ്യും. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
- 6. വല്ലവനും (അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍) സമരം ചെയ്യുകയാണെങ്കില്‍ തന്‍റെ സ്വന്തം ഗുണത്തിനായിത്തന്നെയാണ് അവന്‍ സമരം ചെയ്യുന്നത്. തീര്‍ച്ചയായും അല്ലാഹു ലോകരെ ആശ്രയിക്കുന്നതില്‍ നിന്ന് മുക്തനത്രെ.
- 7. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരുടെ തിന്‍മകള്‍ അവരില്‍ നിന്ന് നാം മായ്ച്ചുകളയുക തന്നെ ചെയ്യും. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും നല്ലതിനുള്ള പ്രതിഫലം അവര്‍ക്ക് നാം നല്‍കുന്നതുമാണ്.
