12. യൂസുഫ് - ഖുര്‍ആന്‍
- 1. അലിഫ്-ലാം-റാ. സ്പഷ്ടമായ വേദഗ്രന്ഥത്തിലെ വചനങ്ങളാകുന്നു അവ.
- 2. നിങ്ങള്‍ ഗ്രഹിക്കുന്നതിന് വേണ്ടി അത് അറബിഭാഷയില്‍ വായിക്കപ്പെടുന്ന ഒരു പ്രമാണമായി അവതരിപ്പിച്ചിരിക്കുന്നു.
- 3. നിനക്ക് ഈ ഖുര്‍ആന്‍ ബോധനം നല്‍കിയത് വഴി ഏറ്റവും നല്ല ചരിത്രവിവരണമാണ് നാം നിനക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും ഇതിനുമുമ്പ് നീ അതിനെപ്പറ്റി ബോധമില്ലാത്തവനായിരുന്നു.
- 4. യൂസുഫ് തന്‍റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: എന്‍റെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു.
- 5. അദ്ദേഹം (പിതാവ്) പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ, നിന്‍റെ സ്വപ്നം നീ നിന്‍റെ സഹോദരന്‍മാര്‍ക്ക് വിവരിച്ചുകൊടുക്കരുത്. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച് മനുഷ്യന്‍റെ പ്രത്യക്ഷ ശത്രുവാകുന്നു.
- 6. അപ്രകാരം നിന്‍റെ രക്ഷിതാവ് നിന്നെ തെരഞ്ഞെടുക്കുകയും, സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്ന് നിനക്കവന്‍ പഠിപ്പിച്ചുതരികയും, നിന്‍റെ മേലും യഅ്ഖൂബ് കുടുംബത്തിന്‍റെ മേലും അവന്‍റെ അനുഗ്രഹങ്ങള്‍ അവന്‍ നിറവേറ്റുകയും ചെയ്യുന്നതാണ്. മുമ്പ് നിന്‍റെ രണ്ട് പിതാക്കളായ ഇബ്രാഹീമിന്‍റെയും ഇഷാഖിന്‍റെയും കാര്യത്തില്‍ അതവന്‍ നിറവേറ്റിയത് പോലെത്തന്നെ. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.
- 7. തീര്‍ച്ചയായും യൂസുഫിലും അദ്ദേഹത്തിന്‍റെ സഹോദരന്‍മാരിലും ചോദിച്ച് മനസ്സിലാക്കുന്നവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.
