42. ഷൂറാ - ഖുര്‍ആന്‍
- 1. ഹാമീം.
- 2. ഐന്‍ സീന്‍ ഖാഫ്.
- 3. അപ്രകാരം നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും പ്രതാപിയും യുക്തിമാനുമായ അല്ലാഹു ബോധനം നല്‍കുന്നു.
- 4. അവന്നാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. അവനാകുന്നു ഉന്നതനും മഹാനുമായിട്ടുള്ളവന്‍.
- 5. ആകാശങ്ങള്‍ അവയുടെ ഉപരിഭാഗത്ത് നിന്ന് പൊട്ടിപ്പിളരുമാറാകുന്നു. മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.ഭൂമിയിലുള്ളവര്‍ക്ക് വേണ്ടി അവര്‍ പാപമോചനം തേടുകയും ചെയ്യുന്നു. അറിയുക! തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.
- 6. അവനു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവരാരോ, അവരെ അല്ലാഹു സൂക്ഷ്മനിരീക്ഷണം ചെയ്തുകൊണ്ടിരിക്കുകയാകുന്നു. നീ അവരുടെ കാര്യത്തില്‍ ചുമതല ഏല്‍പിക്കപ്പെട്ടവനേ അല്ല.
- 7. അപ്രകാരം നിനക്ക് നാം അറബിഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. ഉമ്മുല്‍ഖുറാ (മക്ക) യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും നീ താക്കീത് നല്‍കുവാന്‍ വേണ്ടിയും, സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത് നല്‍കുവാന്‍ വേണ്ടിയും. അന്ന് ഒരു വിഭാഗക്കാര്‍ സ്വര്‍ഗത്തിലായിരിക്കും. മറ്റൊരു വിഭാഗക്കാര്‍ കത്തിജ്വലിക്കുന്ന നരകത്തിലും.
