5. മാഇദ - ഖുര്‍ആന്‍
- 1. സത്യവിശ്വാസികളേ, നിങ്ങള്‍ കരാറുകള്‍ നിറവേറ്റുക. (പിന്നീട്) നിങ്ങള്‍ക്ക് വിവരിച്ചുതരുന്നതൊഴിച്ചുള്ള ആട്, മാട്, ഒട്ടകം എന്നീ ഇനങ്ങളില്‍ പെട്ട മൃഗങ്ങള്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഇഹ്‌റാമില്‍ പ്രവേശിച്ചവരായിരിക്കെ വേട്ടയാടുന്നത് അനുവദനീയമാക്കരുത്. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് വിധിക്കുന്നു.
- 2. സത്യവിശ്വാസികളേ, അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്. പവിത്രമായ മാസത്തെയും (കഅ്ബത്തിങ്കലേക്ക് കൊണ്ടുപോകുന്ന) ബലിമൃഗങ്ങളെയും, (അവയുടെ കഴുത്തിലെ) അടയാളത്താലികളെയും നിങ്ങളുടെ രക്ഷിതാവിന്‍റെ അനുഗ്രഹവും പൊരുത്തവും തേടിക്കൊണ്ട് വിശുദ്ധ മന്ദിരത്തെ ലക്ഷ്യമാക്കിപ്പോകുന്ന തീര്‍ത്ഥാടകരെയും (നിങ്ങള്‍ അനാദരിക്കരുത്.) എന്നാല്‍ ഇഹ്‌റാമില്‍ നിന്ന് നിങ്ങള്‍ ഒഴിവായാല്‍ നിങ്ങള്‍ക്ക് വേട്ടയാടാവുന്നതാണ്. മസ്ജിദുല്‍ ഹറാമില്‍ നിന്ന് നിങ്ങളെ തടഞ്ഞു എന്നതിന്‍റെ പേരില്‍ ഒരു ജനവിഭാഗത്തോട് നിങ്ങള്‍ക്കുള്ള അമര്‍ഷം അതിക്രമം പ്രവര്‍ത്തിക്കുന്നതിന്ന് നിങ്ങള്‍ക്കൊരിക്കലും പ്രേരകമാകരുത്. പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.
- 3. ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്) നിഷിദ്ധമാകുന്നു. അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) അതൊക്കെ അധര്‍മ്മമാകുന്നു. ഇന്ന് സത്യനിഷേധികള്‍ നിങ്ങളുടെ മതത്തെ നേരിടുന്ന കാര്യത്തില്‍ നിരാശപ്പെട്ടിരിക്കുകയാണ്. അതിനാല്‍ അവരെ നിങ്ങള്‍ പേടിക്കേണ്ടതില്ല. എന്നെ നിങ്ങള്‍ പേടിക്കുക. ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ അധര്‍മ്മത്തിലേക്ക് ചായ്‌വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.
