59. ഹഷര്‍ - ഖുര്‍ആന്‍
- 1. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹുവെ പ്രകീര്‍ത്തനം ചെയ്തിരിക്കുന്നു. അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു.
- 2. വേദക്കാരില്‍ പെട്ട സത്യനിഷേധികളെ ഒന്നാമത്തെ തുരത്തിയോടിക്കലില്‍ തന്നെ അവരുടെ വീടുകളില്‍ നിന്നു പുറത്തിറക്കിയവന്‍ അവനാകുന്നു. അവര്‍ പുറത്തിറങ്ങുമെന്ന് നിങ്ങള്‍ വിചാരിച്ചിരുന്നില്ല. തങ്ങളുടെ കോട്ടകള്‍ അല്ലാഹുവില്‍ നിന്ന് തങ്ങളെ പ്രതിരോധിക്കുമെന്ന് അവര്‍ വിചാരിച്ചിരുന്നു. എന്നാല്‍ അവര്‍ കണക്കാക്കാത്ത വിധത്തില്‍ അല്ലാഹു അവരുടെ അടുക്കല്‍ ചെല്ലുകയും അവരുടെ മനസ്സുകളില്‍ ഭയം ഇടുകയും ചെയ്തു. അവര്‍ സ്വന്തം കൈകള്‍കൊണ്ടും സത്യവിശ്വാസികളുടെ കൈകള്‍കൊണ്ടും അവരുടെ വീടുകള്‍ നശിപ്പിച്ചിരുന്നു. ആകയാല്‍ കണ്ണുകളുള്ളവരേ, നിങ്ങള്‍ ഗുണപാഠം ഉള്‍കൊള്ളുക.
- 3. അല്ലാഹു അവരുടെ മേല്‍ നാടുവിട്ടുപോക്ക് വിധിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഇഹലോകത്ത് വെച്ച് അവന്‍ അവരെ ശിക്ഷിക്കുമായിരുന്നു.പരലോകത്ത് അവര്‍ക്കു നരകശിക്ഷയുമുണ്ട്.
- 4. അത് അല്ലാഹുവോടും അവന്‍റെ റസൂലിനോടും അവര്‍ മത്സരിച്ചു നിന്നതിന്‍റെ ഫലമത്രെ. വല്ലവനും അല്ലാഹുവുമായി മത്സരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.
- 5. നിങ്ങള്‍ വല്ല ഈന്തപ്പനയും മുറിക്കുകയോ അല്ലെങ്കില്‍ അവയെ അവയുടെ മുരടുകളില്‍ നില്‍ക്കാന്‍ വിടുകയോ ചെയ്യുന്ന പക്ഷം അത് അല്ലാഹുവിന്‍റെ അനുമതി പ്രകാരമാണ്. അധര്‍മ്മകാരികളെ അപമാനപ്പെടുത്തുവാന്‍ വേണ്ടിയുമാണ്.
- 6. അവരില്‍ നിന്ന് (യഹൂദരില്‍ നിന്ന്) അല്ലാഹു അവന്‍റെ റസൂലിന് കൈവരുത്തി കൊടുത്തതെന്തോ അതിനായി നിങ്ങള്‍ കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിക്കുകയുണ്ടായിട്ടില്ല.പക്ഷെ, അല്ലാഹു അവന്‍റെ ദൂതന്‍മാരെ അവന്‍ ഉദ്ദേശിക്കുന്നവരുടെ നേര്‍ക്ക് അധികാരപ്പെടുത്തി അയക്കുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.
