18. അല്‍ കഹ്ഫ് - ഖുര്‍ആന്‍
- 1. തന്‍റെ ദാസന്‍റെ മേല്‍ വേദഗ്രന്ഥമവതരിപ്പിക്കുകയും, അതിന് ഒരു വക്രതയും വരുത്താതിരിക്കുകയും ചെയ്ത അല്ലാഹുവിന് സ്തുതി.
- 2. ചൊവ്വായ നിലയില്‍. തന്‍റെപക്കല്‍ നിന്നുള്ള കഠിനമായ ശിക്ഷയെപ്പറ്റി താക്കീത് നല്‍കുവാനും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് ഉത്തമമായ പ്രതിഫലമുണ്ട് എന്ന് സന്തോഷവാര്‍ത്ത അറിയിക്കുവാനും വേണ്ടിയത്രെ അത്.
- 3. അത് (പ്രതിഫലം) അനുഭവിച്ച് കൊണ്ട് അവര്‍ എന്നെന്നും കഴിഞ്ഞുകൂടുന്നതായിരിക്കും.
- 4. അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞവര്‍ക്ക് താക്കീത് നല്‍കുവാന്‍ വേണ്ടിയുമാകുന്നു.
- 5. അവര്‍ക്കാകട്ടെ, അവരുടെ പിതാക്കള്‍ക്കാകട്ടെ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവരുടെ വായില്‍ നിന്ന് പുറത്ത് വരുന്ന ആ വാക്ക് ഗുരുതരമായിരിക്കുന്നു. അവര്‍ കള്ളമല്ലാതെ പറയുന്നില്ല.
- 6. അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞ് പോയതിനെത്തുടര്‍ന്ന് (അതിലുള്ള) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം.
- 7. തീര്‍ച്ചയായും ഭൂമുഖത്തുള്ളതിനെ നാം അതിന് ഒരു അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നാം പരീക്ഷിക്കുവാന്‍ വേണ്ടി.
