• 1. സംഭവിക്കാനിരിക്കുന്ന ഒരു ശിക്ഷയെ ഒരു ചോദ്യകര്‍ത്താവ് അതാ ആവശ്യപ്പെട്ടിരിക്കുന്നു.

  • 2. സത്യനിഷേധികള്‍ക്ക് അത് തടുക്കുവാന്‍ ആരുമില്ല.

  • 3. കയറിപ്പോകുന്ന വഴികളുടെ അധിപനായ അല്ലാഹുവിങ്കല്‍ നിന്ന് വരുന്ന (ശിക്ഷയെ).

  • 4. അമ്പതിനായിരം കൊല്ലത്തിന്‍റെ അളവുള്ളതായ ഒരു ദിവസത്തില്‍ മലക്കുകളും ആത്മാവും അവങ്കലേക്ക് കയറിപ്പോകുന്നു.

  • 5. എന്നാല്‍ (നബിയേ,) നീ ഭംഗിയായ ക്ഷമ കൈക്കൊള്ളുക.

  • 6. തീര്‍ച്ചയായും അവര്‍ അതിനെ വിദൂരമായി കാണുന്നു.

  • 7. നാം അതിനെ അടുത്തതായും കാണുന്നു.

  • 8. ആകാശം ഉരുകിയ ലോഹം പോലെ ആകുന്ന ദിവസം!

  • 9. പര്‍വ്വതങ്ങള്‍ കടഞ്ഞരോമം പോലെയും.

  • 10. ഒരുറ്റ ബന്ധുവും മറ്റൊരു ഉറ്റബന്ധുവിനോട് (അന്ന്‌) യാതൊന്നും ചോദിക്കുകയില്ല.

  • 11. അവര്‍ക്ക് അന്യോന്യം കാണിക്കപ്പെടും. തന്‍റെ മക്കളെ പ്രായശ്ചിത്തമായി നല്‍കി കൊണ്ട് ആ ദിവസത്തെ ശിക്ഷയില്‍ നിന്ന് മോചനം നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കുറ്റവാളി ആഗ്രഹിക്കും.

  • 12. തന്‍റെ ഭാര്യയെയും സഹോദരനെയും

  • 13. തനിക്ക് അഭയം നല്‍കിയിരുന്ന തന്‍റെ ബന്ധുക്കളെയും

  • 14. ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും. എന്നിട്ട് അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ എന്ന്‌

  • 15. സംശയം വേണ്ട, തീര്‍ച്ചയായും അത് ആളിക്കത്തുന്ന നരകമാകുന്നു.

  • 16. തലയുടെ തൊലിയുരിച്ചു കളയുന്ന നരകാഗ്നി.

  • 17. പിന്നോക്കം മാറുകയും, തിരിഞ്ഞുകളയുകയും ചെയ്തവരെ അത് ക്ഷണിക്കും.

  • 18. ശേഖരിച്ചു സൂക്ഷിച്ചു വെച്ചവരെയും.

  • 19. തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേ അറ്റം അക്ഷമനായിക്കൊണ്ടാണ്‌.

  • 20. അതായത് തിന്‍മ ബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായി കൊണ്ടും,

  • 21. നന്‍മ കൈവന്നാല്‍ തടഞ്ഞു വെക്കുന്നവനായികൊണ്ടും.

  • 22. നമസ്കരിക്കുന്നവരൊഴികെ -

  • 23. അതായത് തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍

  • 24. തങ്ങളുടെ സ്വത്തുക്കളില്‍ നിര്‍ണിതമായ അവകാശം നല്‍കുന്നവരും,

  • 25. ചോദിച്ചു വരുന്നവന്നും ഉപജീവനം തടയപ്പെട്ടവന്നും

  • 26. പ്രതിഫലദിനത്തില്‍ വിശ്വസിക്കുന്നവരും,

  • 27. തങ്ങളുടെ രക്ഷിതാവിന്‍റെ ശിക്ഷയെപറ്റി ഭയമുള്ളവരുമൊഴികെ.

  • 28. തീര്‍ച്ചയായും അവരുടെ രക്ഷിതാവിന്‍റെ ശിക്ഷ (വരികയില്ലെന്ന്‌) സമാധാനപ്പെടാന്‍ പറ്റാത്തതാകുന്നു.

  • 29. തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും (ഒഴികെ)

  • 30. തങ്ങളുടെ ഭാര്യമാരുടെയോ, വലം കൈകള്‍ ഉടമപ്പെടുത്തിയവരുടെയോ കാര്യത്തിലൊഴികെ. തീര്‍ച്ചയായും അവര്‍ ആക്ഷേപമുക്തരാകുന്നു.

  • 31. എന്നാല്‍ അതിലപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അതിരുകവിയുന്നവര്‍.

  • 32. തങ്ങളെ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചു പോരുന്നവരും,

  • 33. തങ്ങളുടെ സാക്ഷ്യങ്ങള്‍ മുറപ്രകാരം നിര്‍വഹിക്കുന്നവരും,

  • 34. തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും (ഒഴികെ).

  • 35. അത്തരക്കാര്‍ സ്വര്‍ഗത്തോപ്പുകളില്‍ ആദരിക്കപ്പെടുന്നവരാകുന്നു.

  • 36. അപ്പോള്‍ സത്യനിഷേധികള്‍ക്കെന്തു പറ്റി! അവര്‍ നിന്‍റെ നേരെ കഴുത്തു നീട്ടി വന്നിട്ട്‌

  • 37. വലത്തോട്ടും ഇടത്തോട്ടും കൂട്ടങ്ങളായി ചിതറിപോകുന്നു.

  • 38. സുഖാനുഭൂതിയുടെ സ്വര്‍ഗത്തില്‍ താന്‍ പ്രവേശിപ്പിക്കപ്പെടണമെന്ന് അവരില്‍ ഓരോ മനുഷ്യനും മോഹിക്കുന്നുണ്ടോ?

  • 39. അതു വേണ്ട. തീര്‍ച്ചയായും അവര്‍ക്കറിയാവുന്നതില്‍ നിന്നാണ് അവരെ നാം സൃഷ്ടിച്ചിട്ടുള്ളത്‌

  • 40. എന്നാല്‍ ഉദയസ്ഥാനങ്ങളുടെയും അസ്തമയസ്ഥാനങ്ങളുടെയും രക്ഷിതാവിന്‍റെ പേരില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു: തീര്‍ച്ചയായും നാം കഴിവുള്ളനാണെന്ന്‌.

  • 41. അവരെക്കാള്‍ നല്ലവരെ പകരം കൊണ്ടു വരാന്‍. നാം തോല്‍പിക്കപ്പെടുന്നവനല്ല താനും.

  • 42. ആകയാല്‍ അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന അവരുടെ ആ ദിവസത്തെ അവര്‍ കണ്ടുമുട്ടുന്നത് വരെ അവര്‍ തോന്നിവാസത്തില്‍ മുഴുകുകയും കളിച്ചു കൊണ്ടിരിക്കുകയും ചെയ്യാന്‍ നീ അവരെ വിട്ടേക്കുക.

  • 43. അതായത് അവര്‍ ഒരു നാട്ടക്കുറിയുടെ നേരെ ധൃതിപ്പെട്ട് പോകുന്നത് പോലെ ഖബ്‌റുകളില്‍ നിന്ന് പുറപ്പെട്ടു പോകുന്ന ദിവസം.

  • 44. അവരുടെ കണ്ണുകള്‍ കീഴ്പോട്ട് താണിരിക്കും. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അതാണ് അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടിരുന്ന ദിവസം.

ഷെയർ ചെയ്യുക
logo
logo
logo
logo